Entrance Test Notification for Little KITEs 2023-26 Batch

ലിറ്റിൽ കൈറ്റ്സ് – 2023-26 ബാച്ച് പ്രവേശനം

സർക്കുലർ നം.കൈറ്റ്/ 2023/1562 (28) തീയതി 25.05.2023

ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകള്‍ മുന്‍പ് അനുവദിട്ടുള്ള സ്കൂളുകളില്‍ പുതിയ ബാച്ചിലേയ്ക്ക് (2023-26) അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സർക്കുലർ നിർദേശങ്ങൾ കൈറ്റ് പുറപ്പെടുവിച്ചു.

അഭിരുചി പരീക്ഷ സംബന്ധിച്ച പ്രധാന തീയതികള്‍
1ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ യൂണിറ്റ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ട അവസാന തീയതിജൂൺ 5
2കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടത്തുന്ന അഭിരുചി പരീക്ഷയുടെ പ്രത്യേക ക്ലാസുകൾ (രാവിലെ 6.30 ന് . പുനഃസംപ്രേഷണം അതേ ദിവസം വൈകിട്ട് 8 മണി)ജൂൺ 3, 4, 5 രാവിലെ 6.30 ന്
3എട്ടാം ക്ലാസ്സിലെ വിദ്യാർഥികൾ അംഗത്വത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിജൂൺ 8
4വിദ്യാർഥികളുടെ അപേക്ഷകള്‍ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ ഉൾപ്പെടുത്തേ അവസാന തീയതിജൂൺ 10
5പ്രത്യേക സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള അഭിരുചി പരീക്ഷജൂൺ 13

വിവരവിനിമയ സാങ്കേതികവിദ്യയിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനം നൽകുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയിട്ടുള്ള പദ്ധതിയാണ് ‘ലിറ്റിൽ കൈറ്റ്സ്’ (Little KITEs). നിലവിൽ അംഗീകാരം ലഭിച്ച എല്ലാ യൂണിറ്റുകളിലും 2023-26 ബാച്ചിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതാണ്.

കുട്ടികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് താഴെപറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

1. നിലവിൽ യൂണിറ്റുള്ള വിദ്യാലയങ്ങൾ 2023-26 ബാച്ച് അനുവദിക്കുന്നതിന് അവരുടെ യൂണിറ്റ് വിശദാംശങ്ങൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ ജൂൺ 5-നു മുൻപ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

2. രജിസ്ട്രേഷൻ ലഭിച്ച വിദ്യാലയങ്ങളിൽ 2023-24 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2023 ജൂൺ 8-നകം അംഗത്വത്തിന് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷാഫാറത്തിന്റെ മാതൃക അനുബന്ധമായി ചേർത്തിട്ടുണ്ട്.

3. കുട്ടികളിൽ നിന്ന് ലഭിച്ച എല്ലാ അപേക്ഷകളും ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ 2023 ജൂൺ 10-നകം ഉൾപ്പെടുത്തേണ്ടതാണ്. സ്കൂൾ പ്രഥമാധ്യാപകർ ഇത് ഉറപ്പു വരുത്തേണ്ടതാണ്.

4. അപേക്ഷിച്ച വിദ്യാർഥികൾക്ക് പ്രത്യേക സോഫ്റ്റ്‍വെയർ ഉപയോഗിച്ച2023 ജൂൺ 13 ന് അഭിരുചി പരീക്ഷ നടത്തുന്നതാണ്. സോഫ്റ്റ്‍വെയർ അഭിരുചി പരീക്ഷയില്‍ ഓരോ കുട്ടിയും20 ചോദ്യങ്ങൾക്ക് കുട്ടി ഉത്തരം നൽകണം.

5. സോഫ്റ്റ്‍വെയർ അധിഷ്ഠിത പരീക്ഷയുടെ പരമാവധി സമയം 30 മിനിട്ടാണ്.

6. അഭിരുചി പരീക്ഷയിൽ കുറഞ്ഞത് 25 ശതമാനം മാര്‍ക്ക് ആവശ്യമാണ്. ഓരോ യൂണിറ്റിനും അനുവദിച്ചിരിക്കുന്ന പരമാവധി കുട്ടികളെ മാത്രമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. (ഓരോ യൂണിറ്റിലും അനുവദിച്ച സീറ്റുകളുടെ എണ്ണം കൈറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്).

7. അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐ.ടി. പാഠപുസ്തകം, .ടി. മേഖലയിലെ പൊതുവിജ്ഞാനം എന്നീ നാല് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു വിദ്യാർത്ഥിക്ക് ലോജിക്കൽ വിഭാഗത്തിൽ നിന്ന് ആറും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്ന് നാലും ഐ.ടി. പാഠപുസ്തകം, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവയിൽ നിന്ന് അഞ്ച് വീതവും ചോദ്യങ്ങളാണ് ലഭിക്കുക.

8. അഭിരുചി പരീക്ഷയിൽ നേടിയ സ്കോറിന്റെ അടിസ്ഥാനത്തിൽ ഒരേ സ്കോർ നേടിയ ഒന്നിലധികം കുട്ടികൾ (ടൈ) വന്നാൽ, അവർക്ക് Logical വിഭാഗത്തിൽ ലഭിച്ച സ്കോറുകളുടെ വെയിറ്റേജ് സ്കോറിനോടൊപ്പം കൂട്ടിചേർത്ത് ബ്രേക്ക് ചെയ്യുന്നതാണ്. തുടർന്നും ടൈ വരുകയാണെങ്കിൽ അവർക്ക്, യഥാക്രമം പ്രോഗ്രാമിംഗ്, ജനറൽ, ഐ.ടി. പുസ്തകം എന്നിവയുടെ സ്കോറുകളുടെ വെയിറ്റേജ് കൂട്ടിചേർത്ത് ബ്രേക്ക് ചെയ്യുന്നതാണ്. നാല് ഘട്ടങ്ങൾക്ക് ശേഷവും ടൈ നിലനിൽക്കുകയാണെങ്കിൽ ആ വിദ്യാർത്ഥികളെയെല്ലാം അംഗത്വത്തിലേക്ക് പരിഗണിക്കുന്നതാണ്.

9. അഭിരുചി പരീക്ഷയിൽ യോഗ്യത നേടുന്ന 20 കുട്ടികളെങ്കിലുമുള്ള വിദ്യാലയങ്ങളിലാണ് ലിറ്റിൽ കൈറ്റ്സ് ബാച്ച് അനുവദിക്കുന്നത്. എന്നാൽ സ്കൂളിലെ 2023-24 വർഷത്തെ എട്ടാം ക്ലാസിലെ കുട്ടികളുടെ എണ്ണം 30-ൽ കുറവായാൽ 15 കുട്ടികൾ വരെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് ബാച്ച് അനുവദിക്കുന്നതാണ്.

10. അഭിരുചി പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനകം യൂണിറ്റിൽ തുടരാൻ താല്പര്യമില്ലാത്ത കുട്ടിയെ രക്ഷകർത്താവിന്റെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കുകയും പ്രസ്തുത ഒഴിവിലേക്ക് തൊട്ടടുത്ത റാങ്കിലുള്ള കുട്ടിയെ ചേർക്കുകയും ചെയ്യുന്നതാണ്.

11. പരീക്ഷ നടത്തിപ്പിൽ ക്രമക്കേടുകൾ ബോധ്യപ്പെട്ടാൽ യൂണിറ്റിന്റെ അംഗീകാരം റദ്ദാക്കുന്നതാണ്.

12. അഭിരുചി പരീക്ഷ സംബന്ധിച്ച് ആശയവ്യക്തത വരുത്തുന്നതിനായി കൈറ്റ് വിക്ടേഴ്സിൽ ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30 ന് പ്രത്യേക ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നതാണ്. അതേ ദിവസം വൈകിട്ട് 8 മണി മുതൽ പുനഃസംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

13. യൂണിറ്റ് അനുവദിക്കപ്പെട്ട സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിൽ ആരംഭിക്കേണ്ടതാണ്.

14. സര്‍ക്കുലറും, കുട്ടികള്‍ക്കുള്ള അപേക്ഷാ ഫോമിന്റെ മാതൃകയും ഇവിടെ ചേര്‍ത്തിരിക്കുന്നു.

Little KITEs State Camp is Over

ലിറ്റില്‍ കൈറ്റ്സ് – സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള പകരം വാക്കല്ല. എന്നാല്‍ ആധുനികസാങ്കേതികവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെ അറിയാനും മനസ്സിലാക്കാനും ചിലതെല്ലാം നന്നായി പ്രയോഗിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നതിന് ലിറ്റില്‍ കൈറ്റ്സ് എന്ന സംവിധാനത്തിന് കഴിയുന്നുണ്ട്. അത് വീണ്ടും തെളിയിച്ചു കൊണ്ടാണ് ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെ സംസ്ഥാന ക്യാമ്പ് സമാപിച്ചത്. എറണാകുളത്ത് കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ആംഫിതീയേറ്ററിലും കോണ്‍ഫറന്‍സ് ഹാളിലുമായി മെയ് 15, 16 തീയതികളിലാണ് ക്യാമ്പ് നടന്നത്.

ഒന്‍പതാം ക്ലാസ്സ് പൂര്‍ത്തിയാക്കിയ കുട്ടികളായിരുന്നു ക്യാമ്പില്‍ പങ്കെടുത്തവര്‍. പ്രതിഭാധനരായ ഈ കുട്ടികള്‍ തയ്യാറാക്കി കൊണ്ടു വന്ന നിരവധി റോബോട്ടിക് പ്രോജക്റ്റുകള്‍ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. പൈത്തൺ (Python), സി, സി++ തുടങ്ങി ഒബ്‌ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ് ഭാഷകൾ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ പ്രോജക്റ്റുകള്‍, MIT ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത Android ഫോണുകൾക്കായുള്ള അപ്ലിക്കേഷനുകൾ തുടങ്ങിയവ പ്രദര്‍ശന ഫ്ലോറില്‍ അത്ഭുതങ്ങളെ നിറച്ചു.

ബ്ലണ്ടര്‍ (Blender) ത്രിമാന ആനിമേഷന്‍ സോഫ്റ്റ്‍വെയറില്‍ ( Big Buck Bunny, Elephant Dream തുടങ്ങിയ വമ്പന്‍ ആനിമേഷന്‍ സിനിമകള്‍ ബ്ലണ്ടറില്‍ പിറവിയെടുത്തവയാണെന്നത് അറിയാമല്ലോ.) കുട്ടികള്‍ തയ്യാറാക്കിയ ചെറുസിനിമകളുടെ പ്രദര്‍ശനം ആംഫിതീയേറ്ററില്‍ നടന്നു. അരികൊമ്പന്‍ മുതല്‍ അന്യഗ്രഹജീവികള്‍ വരെ കുട്ടികളുടെ സ്ക്രിപ്റ്റിനും, ഫ്രെയിമുകള്‍ക്കും വിഷയമായി.

ആധുനികലോകം എത്തിനില്‍ക്കുന്ന പുത്തന്‍ സാങ്കേതികമേഖലകളെ അധികരിച്ച് ലോകമറിയുന്ന വലിയപ്രതിഭകളുമായി സംവദിക്കാന്‍ കഴിഞ്ഞത് കുട്ടികള്‍ക്ക് കിട്ടിയ മികച്ച അവസരമാണ്. ഓഗ്മെന്റ് റിയാലിറ്റി (AR – Augmented reality), വിര്‍ച്വല്‍ റിയാലിറ്റി ( VR – Virtual Reality) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (AI – Artificial Intelligence), ത്രിമാന പ്രിന്റിംങ് (3D Printing) എന്നിവയുടെ സങ്കേതങ്ങളും ഉല്പന്നങ്ങളും കണ്ടും, കേട്ടും, തൊട്ടും നേരിട്ടറിയുന്നതിനുള്ള (Physical Experiance) അവസരമാണ് കുട്ടികള്‍ക്ക് ലഭിച്ചത്.

കേരള പോലീസ്, ആധുനിക ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന റോബോട്ടുകളെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് Asimov Technologies നടത്തിയ ‍ഡെമോ ക്ലാസ്സ്, Shri. Sudheer P Y ( Animator, C-DIT) ന്റെ ആനിമേഷന്‍ പാഠങ്ങള്‍ എന്നിവ വിലമതിക്കാനാത്തതാണ്. അവയവ ചികിത്സാ രംഗം മുതല്‍ പടുകൂറ്റന്‍ നിര്‍മ്മിതികളുടെ അനന്തസാദ്ധ്യതയിലേയ്ക്ക് വരെ വ്യാപിച്ചു കിടക്കുന്ന 3D Printing സങ്കേതത്തെപ്പിറ്റിയുള്ള അറിവ് കുട്ടികെ വല്ലാതെ വിസ്മയിപ്പിച്ചു കളഞ്ഞു.

ഭാരത സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സ് പ്ലാറ്റ്ഫോമായ വി. കണ്‍സോളിനെപ്പറ്റി നിങ്ങള്‍ കേട്ടിരിക്കുമല്ലോ. തദ്ദേശീയമായി (Indigenously) വികസിപ്പിച്ചെടുത്ത വി. കണ്‍സോള്‍ (V-Console) ന്റെ സോഴ്സ് കോഡ് എഴുതിയ Shri. Joy Sebasan ( CEO, V-Console, Alappuzha) ന്റെയും, നിര്‍മ്മിതബുദ്ധി പ്രോഗ്രാമിംങ് വിദഗ്ധന്‍ Shri. Prahalad Vadakkepau (Prof.Naonal University, Singapore) ന്റെയും ക്യാമ്പില്‍ നല്‍കിയ പ്രചോദനാത്മകമായ അസാധാരണ ചിന്തകള്‍ കുട്ടികളെ ഇളക്കി മറിച്ചിട്ടുണ്ട്.

ഒരു ആശയത്തില്‍ (Project Idea) നിന്ന് സംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ (Startup of an Enterprener) ആരംഭിക്കുന്നത്, അവ വളരുന്നത്, അവരുടെ ഉല്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നത് എന്നിങ്ങനെ ഒരു പുതിയ സംരംഭകന്‍ അറിയേണ്ടുന്ന എല്ലാ ഘട്ടങ്ങളെയും കുട്ടികള്‍ക്ക് ഇവിടെ ഒരുക്കിയ സ്റ്റാര്‍ട്ടപ്പ് വിസിറ്റിലൂടെ മനസ്സിലാക്കാന്‍‍ കഴിഞ്ഞു. പുതിയ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ഇനി വലിയ ധാരണക്കുറവൊന്നും ഈ കുട്ടികള്‍ക്ക് ഉണ്ടാവില്ല എന്നുറപ്പ്.


Upgrading IT-based School Learning – Suggestions invited

സ്കൂള്‍ ഐടി അധിഷ്ഠിത പഠനപ്രവർത്തനം നവീകരിക്കല്‍

സ്കൂള്‍ ഐടി അധിഷ്ഠിത പഠനപ്രവർത്തനം നവീകരിക്കല്‍

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നു

നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക്:- Click Here

2023-24 വർഷത്തെ ഐടി അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഫീൽഡ് തലത്തിൽ നിന്നുമുള്ള അഭിപ്രായ ശേഖരണം നടത്താനായി കൈറ്റ് മാസ്റ്റർ ട്രെയിനർമാരുടെ 28.03.2023-ല്‍ നടന്ന സംസ്ഥാനതല വീഡിയോ കോൺഫറൻസില്‍ തീരുമാനിക്കപ്പെട്ടിരുന്നു.

ഇതു പ്രകാരം എസ്ഐടിസി /പിഎസ്ഐടിസി / കെറ്റ്മാസ്റ്റർ മിസ്ട്രസ്മാർ എന്നിവരിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും അവ ക്രോഡീകരിച്ച് വാര്‍ഷികപ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

അഭിപ്രായങ്ങള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയാല്‍ മതിയാവും. ഇതിനായി നല്‍കിയിട്ടുള്ള ലിങ്കില്‍ പ്രവേശിച്ച് മേൽ സൂചിപ്പിച്ചവർക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

താങ്കളുടെ വിദ്യാലയത്തിലെ എസ്ഐടിസി പിഎസ്ഐടിസി / കൈറ്റ്മാസ്റ്റർ /മിസ്ട്രസ്മാർ എന്നിവർ 2023 ഏപ്രിൽ 4 നു മുമ്പ് പ്രസ്തുത ലിങ്കിലൂടെ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിർദ്ദേശം നൽകേണ്ടതാണ്.

നിര്‍ദ്ദശങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക്:- https://apps.kite.kerala.gov.in/feedback

ഇതു സംബന്ധിച്ച കൈറ്റിന്റെ അറിയിപ്പ് സ്കൂളുകളുടെ ഇമെയിലേയ്ക്ക് അയച്ചിട്ടുണ്ട്.

ജില്ലാകോര്‍ഡിനേറ്റര്‍, കൈറ്റ് ഇടുക്കി.

Annual IT Examination 2022-23

വർഷത്തെ വർഷാന്ത്യ ഐ.ടി.പരീക്ഷ 2022-2023

(എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികള്‍ക്ക്)

പൊതുവിദ്യാഭ്യാസം – എട്ട്, ഒൻപത് ക്ലാസുകളിലെ 2022-23 അധ്യയന വർഷത്തെ വർഷാന്ത്യ ഐ.ടി.പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു. (നം.ക്യു.ഐ.പി.(1)/ 57582/2022/ഡി.ജി.ഇ. തീയതി.01/03/2023)

2022-2023 അധ്യയന വർഷത്തിലെ എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികളുടെ വർഷാന്ത്യ ഐ.ടി.പരീക്ഷ എസ്.സി.ഇ.ആർ.ടി.യുടെ നിർദേശത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്നതാണ്.

വർഷാന്ത്യ ഐ.ടി.പരീക്ഷ സംബന്ധിച്ച നിർദേശങ്ങൾ താഴെ ചേര്‍ക്കുന്നു.

1. വർഷാന്ത്യ ഐ.ടി പരീക്ഷ 2023 മാർച്ച് 31-നു മുമ്പ് പൂർത്തിയാക്കേണ്ടതും 8, 9 ക്ലാസുകളിലെ എല്ലാ കുട്ടികളും പരീക്ഷയിൽ പങ്കെടുത്തുവെന്ന് ഹെഡ്മാസ്റ്റർ ഉറപ്പാക്കേണ്ടതുമാണ്.

2. ഓരോ ക്ലാസിലും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകർ SITC/JSITC എന്നിവരുടെ സഹായത്താൽ പ്രഥമാധ്യാപിക പ്രഥമാധ്യാപകന്റെ നിർദേശാനുസരണം ഐ.ടി പരീക്ഷാ യഥാസമയം നടത്തിതീർക്കേണ്ടതും റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും കൈറ്റിന്റെ ജില്ലാ ഓഫീസിലും ലഭ്യമാക്കേണ്ടതുമാണ്.

3. ഐ.ടി പരീക്ഷയുടെ നടത്തിപ്പിന് ജില്ലാവിദ്യാഭ്യാസ ഓഫീസ് മുഖേന പരീക്ഷാ സാമഗ്രികൾ പ്രത്യേകമായി സ്കൂളുകൾക്ക് വിതരണം ചെയ്യുന്നതല്ല.

4. സ്കൂൾ ഉബുണ്ടു 18.04 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ (കൈറ്റ് ഔദ്യോഗികമായി വിതരണം ചെയ്തത്) പ്രവർത്തിക്കുന്ന പരീക്ഷാ സോഫ്റ്റ്വെയർ, പാഡ്, പരീക്ഷാ സർക്കുലർ തുടങ്ങിയവ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ sampoorna.kite.kerala.gov.inൽ ഹെഡ്മാസ്റ്റർ ലോഗിനിൽ നിന്ന് Annual IT Exam 2022-23 എന്ന ഐക്കൺ/ലിങ്കിൽ ക്ലിക്ക് ചെയ്ത് പരീക്ഷാ സോഫ്റ്റ് വെയർ, പാസ്‍വേഡ, പരീക്ഷാ സർക്കുലർ തുടങ്ങിയവ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

5. വർഷാന്ത്യ ഐ.ടി.പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിട്ടുളള പാഠഭാഗങ്ങൾ, സ്കോറുകൾ എന്നിവ സംബന്ധിക്കുന്ന വിശദവിവരങ്ങൾ അനുബന്ധം 1 -ല്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാ കുട്ടികളെയും അറിയിക്കേണ്ടതും സ്കൂൾ നോട്ടീസ് ബോർഡിൽ പതിപ്പിക്കേണ്ടതുമാണ്.

6. കൺസോളിഡേറ്റഡ് സ്കോർ ഷീറ്റ് തയ്യാറാക്കി അതിന്റെ പ്രിന്റ് ഔട്ട് എടുക്കുകയും, അതിൽ എല്ലാ കുട്ടികളുടെയും വിവരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഓരോ കുട്ടിക്കും നൽകിയ പ്രാക്ടിക്കൽ മാർക്ക് കോർഷീറ്റിൽ വന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

7. സ്കോർഷീറ്റിന്റെ പ്രിന്റൗട്ട് 2023 ഏപ്രിൽ 5-ന് മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും കൈറ്റിന്റെ ജില്ലാ കോ-ഓർഡിനേറ്റർക്കും ഇ-മെയിലായി നൽകേണ്ടതാണ്.

വിശദാംശങ്ങള്‍ക്കായി ഡി.ജി.ഇ.യുടെ സര്‍ക്കുലര്‍ വായിക്കുക.

ജില്ലാ കോര്‍ഡിനേറ്റര്‍, കൈറ്റ് ഇടുക്കി.

SSLC IT Examination 2023 – From 15.02.2023 to 25.02.2023

2023 എസ്.എസ്എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 15.02.2023 മുതല്‍ 25.02.2023 വരെ

2023 ലെ എസ്.എസ്എൽ.സി ഐ.ടി പ്രാക്ടിക്കൽ എക്സാമിനേഷന്‍ 2023 ഫെബ്രുവരി 15 മുതല്‍ 25 തീയതികളില്‍ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ച് നടക്കും. ഐ.ടി പ്രാക്ടിക്കൽ എക്സാമിനേഷന്‍ സോഫ്റ്റ്‌വെയർ ഇന്‍സ്റ്റലേഷനും പരീക്ഷാ നടത്തിപ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളയും പരിചയപ്പെടുത്തുന്നതിന് വേണ്ടിയുള്ളഒരു ഓൺലൈൻ പരിശീലനം കൈറ്റിന്റെ ജില്ലാ കേന്ദ്രം നടത്തി. ഐ.ടി പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പരിശീലനം ആവശ്യമുള്ള ഇൻവിജിലേറ്റർമാര്‍, ഡപ്യൂട്ടി ചീഫ്‍മാര്‍, പരീക്ഷാ ചീഫ്‍മാര്‍ എന്നിവര്‍ ഓൺലൈൻ പരിശീലനത്തിൽ സംബന്ധിച്ചു.

പരീക്ഷാസോഫ്റ്റ്‍വെയര്‍ സ്കൂളുകളുടെ ഐഎക്സാം ലോഗിനില്‍ ലഭ്യമാണ്. പരീക്ഷകള്‍ക്ക് ശേഷം റിസല്‍ട്ടിന്റെ ഭാഗമായ .csv ഫയല്‍ ഐഎക്സാം ലോഗിനില്‍ ലഭ്യമായിട്ടുള്ള Result Upload ലിങ്കില്‍ അപ്‍ലോഡ് ചെയ്യേണ്ടതാണ്.

മറ്റ് പരീക്ഷാ ഫയലുകള്‍ പരീക്ഷയുടെ യൂസര്‍ ഗൈഡില്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം CDയില്‍ റൈറ്റ് ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന ദിവസം ഡി.ഇ.ഒ.യില്‍ എത്തിക്കേണ്ടതാണ്. നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഡോക്കുമെന്റുകളുടെ കവറും ഇതോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

Idukki District Little KITEs Camp at GEM GHS Santhigram at 11, 12 February 2023

ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് അവസാനിച്ചു

* റോബോട്ടിക്സ്, ഐ.ഒ.ടി., ത്രിഡി മോഡലിംഗ് പരിശീലനം. * ലിറ്റില്‍ കൈറ്റ്സ് വഴി മുഴുവന്‍ കുട്ടികള്‍ക്കും റോബോട്ടിക്സ് പഠനവും പൊതുജനങ്ങള്‍ക്ക് ഡിജിറ്റല്‍ മീഡിയാ ലിറ്ററസി പരിപാടി.

നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഐ.ഒ.ടി., ത്രിഡി മോഡലിംഗ് തുടങ്ങിയവയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്ന ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ,. ഹൈസ്കൂള്‍ ശാന്തിഗ്രാം ഇരട്ടയാര്‍ സ്കൂളില്‍ വച്ച് ഫെബ്രുവരി 11,12 തീയതികളില്‍ നടന്നു. റോബോട്ടിക് കിറ്റുകള്‍ ഉപയോഗിച്ച് മുഴുവന്‍ ഹൈസ്ക്കൂള്‍ – ഹയര്‍ സെക്കന്ററി കുട്ടികള്‍ക്കും അടുത്ത വര്‍ഷം പരിശീലനം നല്‍കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കായി വിപുലമായ ഡിജിറ്റല്‍ മീഡിയാ ലിറ്ററസി പരിപാടിയും ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴി നടപ്പാക്കുമെന്ന് ക്യാമ്പ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. ഇതിനായി ജില്ലയിലെ സ്കൂളുകളില്‍ ലഭ്യമായ 399 റോബോട്ടിക്സ് കിറ്റുകള്‍ പ്രയോജനപ്പെടുത്തും . അതുപോലെ ജില്ലയില്‍ 9685 രക്ഷിതാക്കള്‍ക്ക് നൂതന സാങ്കേതിക വിദ്യകള്‍, സൈബര്‍ സുരക്ഷ, വ്യാജ വാര്‍ത്തകളെ തിരിച്ചറിയലും പ്രതിരോധിക്കലും തുടങ്ങിയ മേഖലകളില്‍ വിജയകരമായി നടത്തിയ പരിശീലനത്തിന്റെ അനുഭവം ഉള്‍ക്കൊണ്ടാണ് ഡിജിറ്റല്‍ മീഡിയ ലിറ്ററസി പരിപാടി ലിറ്റില്‍ കൈറ്റ്സിലൂടെ നടപ്പാക്കുക.

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ് നിര്‍മാണം, ചേയ്സര്‍ എല്‍.ഇ.ഡി., സ്മാര്‍ട്ട് ഡോര്‍ബെല്‍, ആട്ടോമാറ്റിക് ലെവല്‍ ക്രോസ്, ലൈറ്റ് ട്രാക്കിംഗ് സോളാര്‍ പാനല്‍, മാജിക് ലൈറ്റ് തുടങ്ങിയവയുടെ നിര്‍മാണവും വിവിധ ആവശ്യങ്ങള്‍ക്ക് ഐ.ഒ.ടി. ഉപകരണങ്ങള്‍ തയ്യാറാക്കലും ക്യാമ്പിന്റെ ഭാഗമായി നടന്നു.. വസ്തുക്കളുടെ ത്രിമാന രൂപം കമ്പ്യൂട്ടറില്‍ സൃഷ്ടിക്കുന്ന പരിശീലനവും ക്യാമ്പില്‍ വച്ച് നടന്നു. ത്രിഡി അനിമേഷന്‍സോഫ്‍റ്റ്‍വെയറായ ബ്ലെന്‍ഡര്‍ ഉള്‍പ്പെടെ പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്.

ജില്ലയിലെ 92 പൊതുവിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 2618 ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളില്‍ നിന്നും 627 പേര്‍ സബ്‍ജില്ലാ ക്യാമ്പുകളില്‍ മിന്‍പ് പങ്കെടുത്തിരുന്നു. ഇവരില്‍ നിന്നും തെരഞ്ഞെടുത്ത 54 കുട്ടികളാണ് ദിന സഹവാസ ക്യാമ്പില്‍ പങ്കെടുത്തത്. ജില്ലാ ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുത്ത് 6 കുട്ടികള്‍ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കും.

Govt. Order for ICT Procurement 2023 under General Education Department.

ഐ.സി.ടി ഹാർഡ്വെയർ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ആവശ്യമായ ഐ.സി.ടി ഹാർഡ്വെയർ ഉപകരണങ്ങൾ വിവിധ സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് വാങ്ങുന്നതിനുള്ള മിനിമം സ്പെസിഫിക്കേഷൻ, ഈടാക്കാവുന്ന പരമാവധി തുക, വില്പനാനന്തര സേവനവ്യവസ്ഥകൾ തുടങ്ങിയവ സംബന്ധിച്ച് 2019 ല്‍ സര്‍ക്കാര്‍ ഉത്തരവ് [സ.ഉ.(സാധാ)നം.3847/2019/പൊ.വി.വ.-തീയതി.27.09.2019)] പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രസ്തുത ഉത്തരവിൽ 15 വ്യവസ്ഥകളും അനുബന്ധമായി ഉപകരണങ്ങളുടെ വിശദാംശങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഈ ഉത്തരവിലെ 15 വ്യവസ്ഥകളും നിലനിർത്തി അനുബന്ധം മാത്രം കാലാനുസൃതമായി ഭേദഗതി ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് [സ.ഉ.(സാധാ)നം.818/2023/GEDN-തീയതി.30.01.2023)] പുറത്തിറക്കി.

ഇതു പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ആവശ്യമായ ഐ.സി.ടി. ഹാർഡ്വെയർ ഉപകരണങ്ങൾ സർക്കാർ ഫണ്ടോ, എം.പി/എം.എൽ.എ/തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ വിവിധ സ്കീമുകൾക്കുമുള്ള ഫണ്ടോ ഉപയോഗിച്ചുള്ള വാങ്ങലുകൾക്കും ഒറ്റപ്പെട്ട വാങ്ങലുകൾക്കും ആയത് വിന്യസിക്കുന്നതിനും സ.ഉ.(സാധാ)നം.3847/2019/പൊ.വി.വ. തീയതി.27.09.2019) സർക്കാർ ഉത്തരവിലെ 15 വ്യവസ്ഥകളും അതേപടി നിലനിർത്തേണ്ടതും സ.ഉ.(സാധാ)നം.818/2023/GEDN-തീയതി.30.01.2023) ല്‍ ഭേദഗതി ചെയ്ത് ചേര്‍ത്തിട്ടുള്ള അനുബന്ധത്തില്‍ കാണിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ സ്പെസിഫിക്കേഷൻ ഉപയോഗിക്കേണ്ടതുമാണ് എന്ന് ഉത്തരവിട്ടിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനമേധാവികളും ഈ ഉത്തരവ് പാലിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.

Vidyakiranam Project Laptop Service Centre Opened in Kattappana, Idukki

വിദ്യാകിരണം/വിദ്യാശ്രീ ലാപ്ടോപ്പുകൾക്ക് ജില്ലയില്‍ സര്‍വ്വീസ് കേന്ദ്രം തുറന്നു.

ഇടുക്കി ജില്ലയിലെ സ്കൂളുകളില്‍ വിതരണം ചെയ്തിട്ടുള്ള വിദ്യാകിരണം/ വിദ്യാശ്രീ ലാപ്ടോപ്പുകൾ സര്‍വ്വീസ് ചെയ്യുന്നതിനുള്ള കേന്ദ്രം കട്ടപ്പനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എച്ച്.പി. കമ്പനിയുടെ ലാപ്ടോപ്പുകൾ സര്‍വ്വീസ് ചെയ്യുന്നതിനുള്ള കേന്ദ്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുള്ളത്. ഇതു വരെ വിദ്യാകിരണം ലാപ്ടോപ്പുകള്‍ സര്‍വ്വീസ് നടത്തുന്നതിന് എറണാകുളത്തുള്ള കേന്ദ്രത്തില്‍ എത്തിക്കേണ്ടതുണ്ടായിരുന്നു. ഇനി കട്ടപ്പനയില്‍ സര്‍വ്വീസ് ലഭ്യമാകും.

സ്കൂളുകള്‍‍ ചെയ്യേണ്ടത്

വിദ്യകിരണം / വിദ്യാശ്രീ ലാപ്ടോപ്പുകൾക്ക് ( HP 240 -G8 മോഡൽ) കംപ്ലയിന്റുകൾ ഉണ്ടെങ്കിൽ 7306965206 എന്ന എച്ച്.പി. കെയര്‍ നമ്പരിൽ വിളിച്ച സര്‍വ്വീസിനായി ലാപ്ടോപ്പുകൾ എത്തിക്കുന്ന വിവരം സര്‍വ്വീസ് കേന്ദ്രത്തെ അറിയിക്കുക. അതിനു ശേഷം താഴെകാണുന്ന അഡ്രസ്സിലുള്ള സര്‍വ്വീസ് കേന്ദ്രത്തില്‍ എത്തിച്ച് നല്കേണ്ടതാണ്

HP Care, Padinjarethil City Tower building, Puliyanmala road, Kattappana, Idukki, PH : 7306965206